Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില് കോൺഗ്രസ് എംപിമാർ മത്സരിച്ചേക്കില്ല. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്ന്നത് എന്നാണ് വിവരം.
എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
National
ന്യൂഡൽഹി: കോണ്ഗ്രസിന്റെ രാജ്യസഭാ എംപി പാർലമെന്റിന്റെ പ്രധാന കവാടം വരെ തെരുവുനായയെ കൊണ്ടുവന്ന സംഭവത്തിൽ വിവാദം.
ശൈത്യകാല സമ്മേളനം ആരംഭിച്ച ആദ്യദിനത്തിൽ തെരുവുനായയുമായി പാർലമെന്റിലേക്ക് എത്തിയ രേണുക ചൗധരിക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷ അധികാരങ്ങൾ ഉണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പാർലമെന്റിന്റെ പ്രധാന കവാടം വരെ തന്റെ കാറിൽ കൊണ്ടുവന്ന നായയെ അതേപടി കാറിൽ തിരിച്ചയച്ചതായും അതിൽ എന്തു തെറ്റാണെന്നും രേണുക പ്രതികരിച്ചു.
അതൊരു ചെറിയ നായയാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ്. അവരാണ് സർക്കാർ നടത്തുന്നത്. താനൊരു നിശബ്ദ ജീവിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അത് വലിയ പ്രശ്നവും ചർച്ച വിഷയവും ആക്കുകയാണ്. നായയെ കൊണ്ടുവരാൻ പാടില്ലെന്ന നിയമമുണ്ടോ എന്നും രേണുക ചോദിച്ചു.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയിൽ ഒരു കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. അതിനിടയിൽ പെടേണ്ട എന്ന് കരുതിയാണ് താൻ നായയെ കാറിൽ കയറ്റി പാർലമെന്റിന്റെ പ്രധാന കവാടം വരെ എത്തിയത്. തുടർന്ന് അതേ കാറിൽ നായയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇത്തരത്തിൽ തെരുവിൽ അലയുന്ന നായ്ക്കളെ താൻ സംരക്ഷിക്കുന്നുണ്ടെന്നും രേണുക വ്യക്തമാക്കി.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന പ്രധാനപ്പെട്ട കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്ന് ശശി തരൂർ എംപി. ശശി തരൂർ കേരളത്തിൽ അമ്മയ്ക്കൊപ്പമാണെന്നും അതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ, എസ്ഐആർ വിഷയത്തിൽ വിളിച്ചുചേർത്ത യോഗത്തിലും ശശി തരൂർ പങ്കെടുത്തിരുന്നില്ല. അനാരോഗ്യത്തെ തുടർന്നാണ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നാണ് ശശി തരൂർ അറിയിച്ചത്.
എന്നാൽ, ഒരു ദിവസം മുൻപ് പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. കൂടാതെ, പ്രധാനമന്ത്രിയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം പോസ്റ്റുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.
ഞായറാഴ്ചത്തെ യോഗത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകൾ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.